
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും.ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും. കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി വന്നതോടെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും. വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.ഐടി സേവനങ്ങൾ നൽകാതെ തന്നെ സി.എം.ആർ.എൽ കമ്പനി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്. ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും സെരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാവുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
Photo Courtesy - Google










